പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

23 April 2015

നമ്മുടെ വിദ്യാഭ്യാസം നന്നാക്കിയെടുത്ത വിധം ഡോ.പി.ടി അബ്ദുല്‍ അസീസ്‌

          ഞാനൊരു കോളേജ് അധ്യാപകനാണ്. എന്റെ കോളേജില്‍ രണ്ടാം വര്‍ഷ ബി.എ ഹിസ്റ്ററിക്ക് പഠിക്കുന്ന ഷിന്‍സിയ്ക്ക് (പേര് യഥാര്‍ത്ഥമല്ല) ഒന്നു മുതല്‍ 40 വരെ അക്കങ്ങള്‍ എഴുതാനേ അറിയൂ. പിന്നെ അവളുടെ പേര് മലയാളത്തിലും വലിയ അക്ഷരത്തില്‍ ഇംഗ്ലീഷിലും എഴുതും. ചോദ്യപേപ്പറില്‍ നിന്ന് ഏതാനും വാചകങ്ങള്‍, പലപ്പോഴും തെറ്റുകളോടെ ഉത്തരക്കടലാസിലേക്ക് പകര്‍ത്തിയെഴുതും. ബി.എ ഒന്നാംവര്‍ഷ ഇക്കണോമിക്‌സിലെ ഷിഹാസും (പേര് യഥാര്‍ത്ഥമല്ല) ഏതാണ്ട് ഇതേ മാതിരിത്തന്നെ. ഷിന്‍സിയേക്കാള്‍ ഒരു പണത്തൂക്കം മുന്നില്‍. അത്രമാത്രം. അത്ഭുതപ്പെടേണ്ട, അവര്‍ ഡിഗ്രി വിദ്യാര്‍ഥികളാണ്. പത്താംതരവും പ്ലസ്ടുവും പാസ്സായി കോളേജില്‍ (പ്രൈവറ്റും സ്വാശ്രയവുമൊന്നുമല്ല, റഗുലര്‍) അഡ്മിഷന്‍ നേടിയവര്‍. ഇതാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ സ്ഥിതി. ഈ കുട്ടികള്‍ ഐ.ഇ.ഡി വിഭാഗത്തിലാണത്രേ. ഇവരുടെ പരീക്ഷകളെല്ലാം എഴുതുന്നത് മിടുക്കരായ സ്‌ക്രൈബുകള്‍ (നേരിട്ട് പരീക്ഷ എഴുതാന്‍ വയ്യാത്ത അന്ധര്‍ക്കോ അംഗപരിമിതര്‍ക്കോ മറ്റു ഭിന്നശേഷിയുളളവര്‍ക്കോ പരീക്ഷ എഴുതിക്കൊടുക്കുന്നവര്‍) ആണ്. പരീക്ഷാഫലത്തില്‍ ചിലപ്പോള്‍ ഇവര്‍ക്ക് എ പ്ലസ് കിട്ടിയേക്കും. ഇതിന്റെ ന്യായീകരണം ഭിന്നശേഷിയുളളവരോട് സമൂഹം സ്വീകരിക്കേണ്ട അനുതാപ സമീപനമാണ്.

        അവരെ വീട്ടിലിരുത്തരുതല്ലോ.. മറ്റു കുട്ടികളോടൊപ്പം കളിച്ചും പഠിച്ചും വളരട്ടെ എന്ന ഉദാരസമീപനം. പക്ഷെ ഇങ്ങനെയാണോ വേണ്ടത്? അവരുടെ മറ്റു കഴിവുകളെ പ്രോത്സാഹിപ്പിച്ചുകൂടേ? ഇങ്ങനെയൊക്കെ എഴുതിപ്പോയാല്‍ അറുപിന്തിരിപ്പനാകും. യാഥാസ്ഥികനാവും. മനശാസ്ത്രവിരുദ്ധനാകും. ഭിന്നശേഷിയുളളവരെ ദ്രോഹിക്കുന്ന ദുഷ്ടനും മുഠാളനുമാവും. മിണ്ടണ്ട..നടക്കട്ടെ.

          ഏതാണ്ടിതേ മട്ടിലാണ് പത്താംതരത്തിന്റെയും സ്ഥിതി. ഗ്രേഡിംഗ് വന്നശേഷം വെച്ചടിവെച്ചടി കയറ്റമാണ് റിസല്‍റ്റില്‍. ഇപ്പോള്‍ 99 ശതമാനത്തിലെത്തി നില്‍ക്കുന്നു. അക്ഷരമെഴുതാന്‍ അറിയാത്തവരും കണക്കുകൂട്ടാനറിയാവത്തവരും എല്ലാവരും വിജയശ്രീലാളിതരാവുകയാണ്. കണക്ക്, ഇംഗ്ലീഷ്, സമൂഹ്യപാഠം എന്നീ വിഷയങ്ങളില്‍ പത്ത് മാര്‍ക്കും മറ്റു വിഷയങ്ങളില്‍ അഞ്ച് മാര്‍ക്കും വാങ്ങിയാല്‍ ആര്‍ക്കും പാസ്സാവാം. അത് ഒപ്പിച്ചെടുക്കാനുളള വഴികളൊക്കെ സൂത്രത്തില്‍ ചോദ്യപേപ്പറിലുണ്ടാവും. അതുപോലും മനസ്സിലാക്കാന്‍ ബുദ്ധിക്കുറവുളളവര്‍ക്ക് സ്‌ക്രൈബിനെ വെക്കാം. അതിബുദ്ധിയുളള ഒമ്പതാം ക്ലാസുകാരനെ. അതിന്റെ ഏര്‍പ്പാടൊക്കെ സ്‌കൂള്‍ അധികൃതര്‍ ചെയ്തുകൊടുക്കും. നൂറുശതമാനം വേണ്ടേ വിജയം. ഡിവിഷന്‍ ഫോള്‍ വന്നാലോ, അധ്യാപകരുടെ പണിപോയാലോ?

         ഇന്റേണല്‍ വകയില്‍ എല്ലാവര്‍ക്കും 20 മാര്‍ക്ക് ഫ്രീയാണ്. ഓണത്തിനും ക്രിസ്മസിനും 10 കിലോ അരി സ്‌കൂളില്‍ നിന്ന് കിട്ടുന്നതുപോലെ തികച്ചും ഫ്രീ. അതിനാല്‍ മോഡറേഷനില്ല. ഓരോ കുട്ടിയേയും അധ്യാപകര്‍ നിരന്തര മൂല്യനിര്‍ണ്ണയത്തിലൂടെ ശരിയായി വിലയിരുത്തി നല്‍കുന്നതാണ് 20 മാര്‍ക്ക്. ടേം വാല്വേഷന്‍ എന്ന അശാസ്ത്രീയ രീതിയില്‍ വര്‍ഷത്തിലൊരിക്കല്‍ രണ്ട് മണിക്കൂര്‍ പരീക്ഷ നടത്തി വിലയിരുത്തുന്നതിനേക്കാള്‍ ശാസ്ത്രീയം. കുട്ടിയെ തൊട്ടറിഞ്ഞ്, അടുത്തറിഞ്ഞ്. അങ്ങനെ സംസ്ഥാനത്തെ കുട്ടികളൊക്കെ മിടുക്കരായി. അല്ലെങ്കിലും വിദ്യാഭ്യാസമെന്നാല്‍ ആര് പറഞ്ഞു ഈ എഴുത്തും വായനയും കാണാപ്പാഠം പഠിച്ച് പരീക്ഷ എഴുതലാണെന്ന്? ഒമ്പത് അല്ലെങ്കില്‍ എട്ട് ബഹുമുഖ ബുദ്ധികളില്‍(മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്) ഏതെങ്കിലും ഒന്ന് തെളിഞ്ഞുവരുന്നു. അതിനെ പ്രോത്സാഹിപ്പിക്കണം. ഇടപെടാന്‍ പഠിക്കണം. വൈകാരിക ബുദ്ധി വേണം. മണ്ണുമായി ബന്ധംവേണം. ജൈവപച്ചക്കറി...

''പുല്ലാണ് പുസ്തകജ്ഞാനം, പുലരിതന്‍ പുല്ലാങ്കുഴല്‍ വിളി വന്നണഞ്ഞീടവേ''.
എന്നാണ് കവി കുഞ്ഞിരാമന്‍ നായര്‍ പാടിയത്. പിയാഷേയും വൈഗോഡ്‌സ്‌കിയും ബ്രൂണറും പറയുന്ന ജ്ഞാനനിര്‍മ്മിതിയും ഏതാണ്ട് ഇതുതന്നെയാവണം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസത്തിലും ഇതുതന്നെയാണ് നിരീക്ഷണം. അപ്പോള്‍, സ്‌കൂള്‍ പഠനത്തിലും മൂല്യനിര്‍ണ്ണയത്തിലും അപാകമോ നിലവാരത്തകര്‍ച്ചയോ ഉണ്ട് എന്ന് തോന്നുന്നത് പിന്തിരിപ്പന്‍ ചിന്തമൂലമാവാം. ബിഹേവിയറിസ്റ്റ് ചിന്തകള്‍ കുടഞ്ഞുകളയാന്‍ വയ്യാത്തതുകൊണ്ടാവാം. വെറുതെ യാഥാസ്ഥിതികനാവണ്ട. മിണ്ടാതിരിക്കലാണ് ബുദ്ധി. കേരളം വിദ്യാഭ്യാസത്തില്‍ തകര്‍ന്നടിഞ്ഞ് തരിപ്പണമായാലും.

     ഓര്‍മ്മയുണ്ടാവും പലര്‍ക്കും, പണ്ട് ഇംഗ്ലീഷ് പരീക്ഷ ജയിച്ചുകിട്ടാനുളള പാട്. പ്രീഡിഗ്രിക്കാരും ഡിഗ്രിക്കാരും പൊട്ടുന്നത് ഭൂരിപക്ഷവും ഇംഗ്ലീഷിലായിരുന്നു. നാടുനിറയെ ട്യൂട്ടോറിയല്‍ ഇംഗ്ലീഷ് ഫെയില്‍ഡ് ബാച്ച് തുടങ്ങിയിരുന്നു. അതെല്ലാം പോയിട്ട് കുറേക്കാലമായി. ഇന്ന് ആരും ഇംഗ്ലീഷില്‍ തോല്‍ക്കുന്നില്ല. പ്രീഡിഗ്രി പ്ലസ്ടുവിനു വഴിമാറിയതുകൊണ്ടല്ല. ഡിഗ്രി ക്ലാസ്സിലും ഇപ്പോള്‍ ഒന്നാംഭാഷയായി ഇംഗ്ലീഷിന്റെ റിസല്‍റ്റ് 99 ശതമാനമാണ്. കുട്ടികളെല്ലാം ഇംഗ്ലീഷില്‍ മിടുക്കരായി. ഇംഗ്ലീഷ് പഠിപ്പിക്കാനറിയാതെ കുട്ടികളെ ചതിച്ച് തോല്‍പ്പിച്ച പഴയ ഇംഗ്ലീഷ് അധ്യാപകരൊക്കെ കോളേജില്‍ നിന്നും പെന്‍ഷന്‍പറ്റി പിരിഞ്ഞുപോയി. എല്ലാം നന്നായി. നന്നാക്കിയെടുത്തല്ലോ നാം.

   ഇതിനൊക്കെ ശാസ്ത്രീയമായ മറുപടിയുണ്ടാവും സൈദ്ധാന്തികര്‍ക്ക്. കരിക്കുലം ഫ്രെയിംവര്‍ക്കുകാര്‍ക്ക്. വാദകോലാഹലത്തിനൊന്നും ഞാനില്ല. ഒരുപാട് അധ്യാപകര്‍ കുറേക്കാലമായി മനസ്സില്‍ തട്ടിപ്പറഞ്ഞ കാര്യങ്ങളാണ്. എന്റെയും അവരുടെയും ബോധ്യങ്ങളാണ് എഴുതിയത്. നിവൃത്തികെട്ട് എഴുതിപ്പോയത്.

അവകള്‍ കിനാവുകളെന്നാംശാസ്ത്രം
കളവുകളെന്നാം ലോകചരിത്രം
ഇവയിലുമേറെ യഥാര്‍ത്ഥം ഞങ്ങടെ
ഹൃദയനിമന്ത്രിത സുന്ദരതത്വം

വൈലോപ്പിളളി

(തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)

No comments:

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom